മുഹമ്മദ് നബിയുടെ ജന്മദിനമായ ഞായറാഴ്ച(15) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്‌ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കും. നീല പാർക്കിങ് ചിഹ്നങ്ങൾ ഉപയോഗിച്ച് ഇവ വേർതിരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ് ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം അറബിക് മാസം റബിഅൽ അവ്വൽ 12 ന് ആഘോഷിക്കുന്നു. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.
∙ മുവൈലയിൽ പണമടച്ചുള്ള പാർക്കിങ്
ഷാർജയിലെ മുവൈലെ വാണിജ്യ മേഖലയ്ക്ക് ചുറ്റുമുള്ള എല്ലാ പൊതു പാർക്കിങ്ങുകൾക്കും പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും നിരക്കുകൾ ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ സമയവും ഫീസും ഡ്രൈവർമാരെ അറിയിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്കിങ് മാനേജ്‌മെന്‍റ് പ്രദേശത്ത് നീലനിറത്തിലുള്ള ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.