ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന ദുബായ് റൺ.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. പുലർച്ചെ 4.30ന് ശാന്തവും ശൂന്യവുമായ അവസ്ഥയിൽ നിന്ന് രാവിലെ 6 മണിയോടെ ആളുകൾ തിങ്ങിനിറഞ്ഞ റോഡായി ഷെയ്ഖ് സായിദ് റോഡ് മാറിയത് വളരെ വേഗമായിരുന്നു.
സ്‌കൈഡൈവ് ദുബായ് ടീമിന്റെ ഗ്ലൈഡറുകളും പാരച്യൂട്ടിസ്റ്റുകളും ഉൾപ്പെടുന്ന ത്രില്ലിങ് പരിപാടികൾ ദുബായ് റണ്ണിന് മികവേകി. പങ്കെടുക്കുന്നവർക്ക് 10 കിലോമീറ്റർ ഓടി സ്വയം പരീക്ഷണം നടത്താനും 5-കിലോമീറ്റർ ഓടി പൂർത്തിയാക്കാനും ഉള്ള അവസരം ഉണ്ടായിരുന്നു.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഗ്രാൻഡ് ഫിനാലെ അടയാളപ്പെടുത്തുന്ന ഇവന്റ് യുഎഇ ജനതയുടെ ആരോഗ്യത്തിന്റെയും ശാരീരികക്ഷമതയുടെയും യഥാർഥ ആഘോഷമാണ്.മുൻവർഷങ്ങളിലും ദുബായ് റൺ വൻ വിജയമായിരുന്നു.