ദുബായ് നഗരത്തിന്റെ ഗതാഗതചരിത്രം മാറ്റിയെഴുതിയ ദുബായ് മെട്രോയുടെ 15–ാം വാർഷിക ആഘോഷത്തിനു വിപുലമായ ഒരുക്കങ്ങളുമായി ആർടിഎ. 2009 സെപ്റ്റംബർ 9ന് ആണ് മെട്രോ ഓടിത്തുടങ്ങിയത്.
കലാപരിപാടികളും സർപ്രൈസ് സമ്മാനങ്ങളും ആഘോഷത്തിന്റെ ഭാഗമാകും. പിറന്നാളിനോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാംപ് ഇറക്കും. സുവനീറായി പ്രത്യേക നോൽ കാർഡും യാത്രക്കാരിലെത്തും. ദുബായ് മെട്രോയുമായി ബന്ധപ്പെട്ട സുവനീർ ഉൽപന്നങ്ങളുമായി അൽ ജാബർ ഗാലറി പ്രത്യേക പവിലിയൻ തുറക്കും.
2009– 2023 വരെയുള്ള വർഷങ്ങളിൽ സെപ്റ്റംബർ 9ന് ജനിച്ചവർക്കായി ദുബായ് ലെഗോ ലാൻഡിൽ അടുത്തമാസം 21ന് മെട്രോ ബേബീസ് എന്ന പേരിൽ പ്രത്യേക ആഘോഷം നടക്കും. ഈ കുട്ടികളുടെ മാതാപിതാക്കൾക്ക് www.rta.ae എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ആഘോഷങ്ങളുടെ സ്പോൺസർമാരിൽ ഒരാളായ ഇഗ്ലു ഐസ്ക്രീം മെട്രോ ജന്മദിന സ്പെഷൽ വിപണിയിൽ ഇറക്കും.
മെട്രോയുടെ രൂപത്തിൽ ഇറക്കുന്ന അയ്യായിരത്തോളം ഐസ്ക്രീമിലെ കമ്പുകളിൽ ചിലതിൽ പ്രത്യേക കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കോഡ് ലഭിക്കുന്നവർക്ക് ആർടിഎ ഇറക്കുന്ന നോൽ ടെർഹാൾ ഡിസ്കൗണ്ട് കാർഡ് നേടാം. 5000 തെർഹാൽ ഡിസ്ക്കൗണ്ട് കാർഡുകളാണ് ആർടിഎ ഇറക്കുന്നത്. 21 മുതൽ 27 വരെ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര സംഗീത പ്രതിഭകളും പ്രാദേശിക സംഗീതജ്ഞരും പാട്ടുമായെത്തും.