ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ് എന്നിങ്ങനെയാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചത്.
19 വർഷം മുൻപ് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായുടെ ഭരണാധികാരിയായത്. എന്നാൽ ഈ വർഷം ഷെയ്ഖ് മുഹമ്മദ് തന്‍റെ ഭാര്യയെ ആദരിക്കുകയാണ്. “ജീവിതത്തിലെ കൂട്ടുകാരിയും പിന്തുണയും”, “ഷെയ്ഖുകളുടെ മാതാവ്” എന്നിങ്ങനെയും അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചു.
ഷെയ്ഖ ഹിന്ത് ഏറ്റവും കരുണയും ഔദാര്യവും ഉളള വ്യക്തിയാണ്. തന്‍റെ വീടിന്‍റെയും കുടുംബത്തിന്‍റെയും അടിത്തറയാണ്. കരിയറിലുടനീളം ഏറ്റവും വലിയ പിന്തുണയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും ദൈവം തങ്ങളുടെ സ്നേഹം നിലനിർത്തണമെന്ന് പ്രാർഥിക്കുകയും ചെയ്തു. ഹൃദയസ്പർശിയായ ഒരു കവിതയും അദ്ദേഹം ഭാര്യയ്ക്കായി പങ്കുവെച്ചു.
ഈ ജീവിതത്തിൽ പിന്തുണ നൽകുന്നവരോട് വിശ്വസ്തത പുലർത്തണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.