കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ തുടർച്ചയായ രണ്ടാം തവണയും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ ഡർബൻസ് സൂപ്പർ ജയന്റ്സിനെ 81 റൺസിന് തോൽപ്പിച്ചാണ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺഗ്രൂപ്പ് തന്നെയാണ് ഈസ്റ്റേൺ കേപ്പിന്റെയും മേധാവികൾ.
ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റേൺ കേപ്പിനൊപ്പം സൺറൈസേഴ്സ് ഉടമകളിലൊരാളായ കാവ്യ മാരനും ഉണ്ടായിരുന്നു. തന്റെ ടീമിന്റെ വിജയത്തിൽ ഏറെ സന്തോഷവതിയായിരുന്നു കാവ്യ. തുടർച്ചയായ രണ്ടാം തവണയും കിരീടം നേടിയതിൽ ഏറെ സന്തോഷം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തന്റെ ടീം മികച്ച പ്രകടനം നടത്തിയെന്നും കാവ്യ പ്രതികരിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ആരാധകരുടെ പ്രതീക്ഷ ഉണർത്തുന്ന പ്രകടനമാണ് സൺറൈസേഴ്സ് താരങ്ങൾ നടത്തുന്നത്. എയ്ഡാൻ മാക്രവും മാർകോ ജാൻസനും ഹെൻറിച്ച് ക്ലാസനുമെല്ലാം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലിൽ 2016ൽ സൺറൈസേഴ്സ് ചാമ്പ്യന്മാരായിരുന്നു.