യുഎഇയിൽ 1,818 സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ച് നിയമനം നടത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം (മൊഹ്രെ). 2022ന്റെ രണ്ടാം പകുതി മുതൽ 2024 സെപ്‌തംബർ 17വരെയാണ് ഇവർ നിയമങ്ങൾ ലംഘിച്ച് നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
ഈ കമ്പനികൾ 2,784 പൗരന്മാരെയാണ് നിയമവിരുദ്ധമായി നിയമിച്ചിരിക്കുന്നത്. ഇവർ സാങ്കൽപ്പിക പ്രാദേശികവൽക്കരണത്തിലൂടെ നിയമങ്ങളെ മറികടക്കാൻ ശ്രമിച്ചതായി തെളിയിക്കപ്പെടുകയും ചെയ്‌തു. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ 20,000 ദിർഹവും (4,55,588 രൂപ) മുതൽ 5,00,000 ദിർഹവും (1,13,89,701 രൂപ) പിഴ ചുമത്തും. മാത്രമല്ല, ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും.
നിയമലംഘകരായ കമ്പനികളെ മൊഹ്രെയുടെ സിസ്റ്റങ്ങളിൽ ഏറ്റവും താഴെത്തട്ടിലാണ് തരംതിരിച്ചിരിക്കുന്നത്. ശരിയായ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക വിഹിതം നൽകാനും കമ്പനികളോട് മൊഹ്രെ ആവശ്യപ്പെട്ടു. എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച വ്യക്തികൾക്ക് അവരുടെ നാഫിസ് ആനുകൂല്യങ്ങളും മറ്റ് മുൻകാല സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തലാക്കും.
സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലേക്കോ സ്‌മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ കോൾ സെന്ററുമായി ബന്ധപ്പെട്ട് പരാതികൾ നൽകണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.