Gulf

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; എട്ട് മാസത്തിനിടെ ദുബായ് പോലീസ് പിടികൂടിയത് 35,000 പേരെ

Published

on

ദുബായ്: 2023ലെ ആദ്യ എട്ട് മാസത്തിനിടെ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ദുബായ് പോലീസ് പിടികൂടിയത് 35,000ത്തിലധികം പേരെ. മൊബൈല്‍ ഉപയോഗിച്ചതുമൂലം ഇക്കാലയളവില്‍ 99 അപകടങ്ങളുണ്ടാവുകയും ആറ് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫോണ്‍ ഉപയോഗിക്കുന്നത് സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ക്യാമറയില്‍ പകര്‍ത്താമെന്ന് കാണിക്കുന്ന വീഡിയോയും ദുബായ് പോലീസ് പുറത്തുവിട്ടു.

ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതു മൂലം പലതരം അപകടങ്ങളാണുണ്ടാവുന്നതെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടുന്നു. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റുകയും പെട്ടെന്നുള്ള ലൈന്‍ മാറ്റത്തിനും അപകടത്തിനും കാരണമാവുകയും ചെയ്യുന്നതാണ് ഇതില്‍ പ്രധാനം. അതിവേഗ പാതകളില്‍ മുന്നറിയിപ്പില്ലാതെ ലൈന്‍തെറ്റിക്കുന്നത് വലിയ അത്യാഹിതങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ റെഡ് സിഗ്‌നല്‍ ഉള്‍പ്പെടെയുള്ളവ ലംഘിക്കപ്പെടുന്നു. ഹൈവേകളില്‍ മിനിമം സ്പീഡ് ലിമിറ്റ് പലപ്പോഴും അറിയാതെ മറികടക്കുകയും ചെയ്യും. ഡ്രൈവറുടെ ശ്രദ്ധതെറ്റുന്നതോടെ ആ വാഹനത്തിലുള്ളവര്‍ക്ക് മാത്രമല്ല, നിരത്തിലെ മറ്റ് വാഹനങ്ങളിലുള്ളവരുടെയും കാല്‍നട യാത്രക്കാരുടെയുമെല്ലാം ജീവനാണ് അപകടത്തിലാവുന്നതെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി ഓര്‍മിപ്പിച്ചു.

ഡ്രൈവിങിനിടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ ടൈപ് ചെയ്യുന്നതും വായിക്കുന്നതും ഏകാഗ്രത കുറയ്ക്കുകയും വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കോള്‍ ചെയ്യുകയോ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുകയോ സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്താലും ഈ പിഴ ബാധകമാണ്.

പ്രധാനപാതകളെല്ലാം റഡാറുകളുടെ നിരീക്ഷണത്തിലാണ്. വിവിധ ലംഘനങ്ങള്‍ അതിവേഗം തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. അശ്രദ്ധമായ ഡ്രൈവിങ് മാത്രമല്ല, ലൈനുകള്‍ തെറ്റിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമെല്ലാം കണ്ടെത്തും. ഡ്രൈവര്‍മാര്‍ റോഡുകളില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും അവരുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന അശ്രദ്ധ ഒഴിവാക്കുകയും ചെയ്യുന്നതോടൊപ്പം ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്‍ മസ്‌റൂയി ആവശ്യപ്പെട്ടു.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ 50,000 ദിര്‍ഹം വരെയാണ് പിഴ. ചുവപ്പ് സിഗ്നല്‍ ലൈറ്റ് മറികടക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടും. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. പിഴ നല്‍കിയ ശേഷം മാത്രമേ വാഹനങ്ങള്‍ വിട്ടുനല്‍കുകയുള്ളൂ.

ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ അശ്രദ്ധമായോ വാഹനമോടിക്കുക, മനപൂര്‍വമോ അല്ലാതെയോ ചുവന്ന ലൈറ്റ് അവഗണിച്ച് വാഹനമോടിക്കുക, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുക, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, പോലീസ് വാഹനവുമായി ബോധപൂര്‍വം കൂട്ടിയിടിക്കുകയോ മനഃപൂര്‍വം അതിന് കേടുവരുത്തുകയോ ചെയ്യുക തുടങ്ങിയവയും ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പെടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version