സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അബുദബിയില്‍ അറിയിച്ചു. അബൂദബി കെഎംസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 8ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളിലാണ് വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.
വിമാനയാത്രാക്കൂലിയുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ കോണ്‍സുല്‍ ജനറല്‍ (ദുബൈ) വേണു രാജാമണിയും പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറൈഷിയും പങ്കെടുക്കും. വൈകുന്നേരം 7 ന് നടക്കുന്ന മുഖ്യസെഷനില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍, രാഷ്ട്രീയസാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.പ്രതിനിധികളുടെ റിപ്പോര്‍ട്ടിംഗ് വൈകുന്നേരം 3.30ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരിപാടി നടക്കുക. സമ്മിറ്റിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ ജനപ്രതിനിധികള്‍ക്ക് സമര്‍പിക്കും.