വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ സിനിമയ്ക്കായി സിനിമാപ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണ്. മെയ് 23 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലറോ മറ്റു അപ്ഡേറ്റുകളോ പുറത്തിറങ്ങാത്തതിൽ ആരാധകർക്ക് ചെറുതല്ലാത്ത നിരാശയുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ വേണമെന്ന് സംവിധായകൻ വൈശാഖിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകർ.
വൈശാഖ് ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ആരാധകരുടെ ആവശ്യം. ‘എന്റെ പൊന്നു വൈശാഖേട്ടാ, ആ ട്രെയ്‌ലർ ഒന്ന് ഇറക്കാമോ’, ‘ടർബോ ട്രെയ്‌ലർ ഇറക്കി വിടാശാനേ’, ‘ചുമ്മാ നോക്കി ഇരിക്കാതെ ട്രെയ്‌ലർ ഇറക്കിവിട്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
കഴിഞ്ഞ ദിവസം സിനിമ ഐഎംഡിബിയുടെ രാജ്യത്തെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്‌കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ശ്രീകാന്ത് എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.