പ്രമുഖ ഷോർട് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് യുഎസിലെ പ്രവർത്തനം അവസാനിപ്പിച്ചു. ആപ്പിനുള്ള നിരോധനം ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾ മുൻപാണ് പ്രവർത്തനം നിർത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നു ടിക് ടോക് നീക്കിയെന്നു വാർത്താ ഏജൻസി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പുറത്താക്കും മുൻപ് സേവനം അവസാനിപ്പിച്ചു ടിക്ടോക്; അമേരിക്കക്കാർ നിരാശയിൽ
170 ദശലക്ഷം ഉപയോക്താക്കളാണു ടിക് ടോക്കിനു യുഎസിലുള്ളത്. ‘ക്ഷമിക്കണം, ടിക് ടോക് ഇപ്പോൾ ലഭ്യമല്ല’ എന്ന സന്ദേശമാണ് ആപ് തുറക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്നതെന്നു ചിത്രങ്ങൾ സഹിതം ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ യുഎസിലെ മുഴുവൻ ആസ്തിയും 19നകം വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാരിന്റെ നിലപാടാണു ടിക് ടോക്കിനു തിരിച്ചടിയായത്. ദേശസുരക്ഷ മുൻനിർത്തി ടിക് ടോക് നിരോധിക്കുകയാണെന്നു യുഎസ് സുപ്രീംകോടതിയും വ്യക്തമാക്കി.
ഡോണൾഡ് ട്രംപ് 20ന് പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ നിരോധനം പിൻവലിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. ‘‘നിരോധനനിയമം പ്രാബല്യത്തിലായതിനാൽ, നിർഭാഗ്യവശാൽ, യുഎസിൽ ടിക് ടോക് ഉപയോഗിക്കാനാകില്ല. പ്രസിഡന്റ് ട്രംപിൽ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. അദ്ദേഹം സ്ഥാനമേറ്റാൽ പരിഹാരത്തിനു ശ്രമിക്കുമെന്നു സൂചിപ്പിച്ചിരുന്നു, കാത്തിരിക്കുക’’– ടിക് ടോക് അറിയിച്ചു.