ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സ് ഗ്ലോബലിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപമെന്ന് സ്റ്റാർട്ടപ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ.
കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ മേളയിൽ സജീവസാന്നിധ്യമാണ്. മുൻ വർഷങ്ങളിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾക്കെല്ലാം മികച്ച നിക്ഷേപം നേടാനായി. ഇത്തവണയും വിവിധ മേഖലകളിലെ മികച്ച സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് ജൈടെക്സിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ പുരോഗമിക്കുന്ന നോർത്തേൺ സ്റ്റാർ സ്റ്റാർട്ടപ് മേളയിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ 27 സ്റ്റാർട്ടപ്പുകളാണ് മേളയിൽ മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസരംഗം കേന്ദ്രീകരിച്ചുള്ള ആശയങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടത്. രോഗികൾക്ക് മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ ഡോക്ടർമാരെ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ മുതൽ പുതിയ സംരംഭകർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതികൾവരെ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.