Gulf

ജിഡിആർഎഫ്എ – ദുബായ് ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു, 8,000 തൊഴിലാളികൾക്ക് പ്രയോജനം

Published

on

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി”ഫ്രിഡ്ജ് അൽ ഫരീജ്”സംരംഭം ആരംഭിച്ചു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, ദുബായിലെ വിവിധ നിർമ്മാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികൾക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്.

ഇതിനകം ഏകദേശം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനകരമായതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടുത്താനും അതുവഴി തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ജിഡിആർഎഫ്എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താനും തൊഴിലാളി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, “ഫ്രിഡ്ജ് അൽ ഫരീജ്”ഉദ്യമം തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണയും പരിചരണവും നൽകാനും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ജിഡിആർഎഫ്എ ദുബായുടെ സമർപ്പണത്തെ പ്രകടമാക്കുന്നതാണെന്ന് കൂട്ടിച്ചേർത്തു.

തൊഴിൽ ബന്ധ മേഖലയുടെ വികസനവും തൊഴിലാളികൾക്കുള്ള പിന്തുണയും ജോലിയുടെ ഗുണനിലവാരത്തെയും ഉൽപ്പാദനക്ഷമതയെയും നേരിട്ട് ബാധിക്കും. ഇത് ദുബായിയെ വിവിധ മേഖലകളിൽ ഒരു പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിന് സഹായകരമാവുമെന്നും ദേശീയ ലക്ഷ്യങ്ങളിൽ വലിയ സംഭാവന നൽകുമെന്നും മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version