Gulf

ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത

Published

on

യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) മുന്നറിയിപ്പ്

പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് വിരലടയാളം രേഖപ്പെടുത്തി മണിക്കൂറുകൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും അതിനാൽ വൈകിയെന്നു കരുതി നിയമലംഘകർ  പൊതുമാപ്പിൽ നിന്ന് പിന്മാറരുതെന്നും അധികൃതർ വ്യക്തമാക്കി.

31ന് മുൻപ് രേഖകൾ നിയമവിധേയമാക്കി മുഴുവൻ നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. അപേക്ഷകരുടെ തിരക്കുകാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ‌പൊതുമാപ്പ് നീട്ടുകയായിരുന്നു. എന്നാൽ കഴിഞ്ഞ 2 മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുൻപത്തേക്കാൾ കുറവായിരുന്നു. അതിനാൽ ഇനി പൊതുമാപ്പ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വീസയിൽ വരാം.

ജനുവരി 1 മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്ക് എതിരെയും നടപടിയുണ്ടാകും

പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 80 ശതമാനത്തിലേറെ പേർ രേഖകൾ നിയമവിധേയമാക്കി യുഎഇയിൽ തന്നെ തുടരുകയായിരുന്നു. 20 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version