ആരാധകർക്ക് സസ്പെൻസ് സമ്മാനിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിനുള്ള സ്ക്രീനിങ് രണ്ടാംഘട്ടത്തിൽ. മമ്മൂട്ടിയുടെ കാതൽ, കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവ പുരസ്കാര നിർണയത്തിൽ രണ്ടാംഘട്ടത്തിൽ എത്തിയിട്ടുണ്ട്. ഉർവശിയുടെ ഉള്ളൊഴുക്കും മത്സരിക്കുന്നു. കഴിഞ്ഞ തവണ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ നേടാൻ ഉർവശിക്ക് കഴിഞ്ഞാൽ അത് കരിയറിലെ ആറാം പുരസ്കാരമാകും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയിണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്കാരം ലഭിച്ചത്.
ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച നിരവധി ചിത്രങ്ങൾ ഇത്തവണ പുരസ്ക്‌കാര നിർണയത്തിനുള്ള എൻട്രിയിൽ എത്തിയിരുന്നു. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്ക്രീനിങ് പുരോഗമിക്കുന്നത്. ഈ മാസം മൂന്നാംവാരത്തിൽ അവാർഡ് പ്രഖ്യാപനമുണ്ടാകും. 2023ലെ പുരസ് കാരനിർണയമാണ് നടക്കുന്നത്.