India

ചന്ദ്രയാൻ- 3 നാളെ കണ്ണടയ്ക്കും; പരമാവധി വിവരങ്ങൾ ശേഖരിച്ച് ഐഎസ്ആർഒ

Published

on

ബെം​ഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്തത്. ഇരുട്ടുപരക്കുന്നതോടെ ലാൻഡറിലെ രംഭ, ചേസ്റ്റ്, ഇൽസ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ട് സ്പെക്ട്രോ സ്കോപ്പുകളും പ്രവർത്തനരഹിതമാകും. ലാൻഡറിൽ ഉപയോ​ഗിച്ച നാസയുടെ ലേസർ റിട്രോ റിഫ്ലക്ടർ അരേ എന്ന ഉപകരണം മാത്രമാകും പ്രവർത്തിക്കുക. ലാൻഡറിന്റെ സ്ഥാനം കണ്ടെത്താനാണ് ഇത് സഹായിക്കുക.

വീണ്ടും പകൽ വരുമ്പോൾ, കഠിനമായ തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തിക്കുമോ എന്ന് പരിശോധിക്കും. വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ കണക്കുകൂട്ടിയതിലും കൂ‌ടുതൽ വിവരങ്ങൾ ശേഖരിക്കാനാവും. പേലോഡുകളിൽ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള കണ്ടെത്തലുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ . സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രോപരിതലത്തിന്റെ രാസഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചന്ദ്രയാൻ 3 കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ലാൻഡറിലെ ഇൽസ (ഇൻസ്ട്രമെന്റ് ഫോർ ദി ലൂണാർ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. വിക്രം ലാൻഡറിലുള്ള ഇൽസയിൽ ആറ് ഹൈ-സെൻസിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റർ ഉൾപ്പെടുന്നു. അത് സിലിക്കൺ മൈക്രോമാച്ചിംഗ് വഴി നിർമ്മിച്ചതാണ്. പ്രകൃതിദത്തമായ ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യം.

നേരത്തെ ചന്ദ്രയാൻ 3ന്റെ റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചിരുന്നു. റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയാണ് എപിഎക്സ് എസ് വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version