ആദ്യ ഘട്ടമായി ആറാഴ്ചത്തേക്കാണ് വെടിനിർത്തൽ. ഹമാസ് സ്വതന്ത്രരാക്കുന്ന ഓരോ ബന്ദിക്കും പകരമായി ഇസ്രേലി ജയിലിലുള്ള 30 പലസ്തീനീകളെ വീതം മോചിപ്പിക്കണം. കരാർ ലംഘനമോ ആക്രമണമോ ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് തനിക്ക് എല്ലാ പിന്തുണയും നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉറപ്പു നൽകിയിട്ടുണ്ടെന്നും നെതന്യാഹു.
2023 ഒക്റ്റോബർ ഏഴിലെ ആക്രമണത്തിൽ ബന്ദികളാക്കിയ മൂന്നു യുവതികളെയാണ് ഹമാസ് ഇന്നലെ റെഡ് ക്രോസ് സംഘം വഴി ഇസ്രയേലിനു കൈമാറിയത്. ദൊരോൺ സ്റ്റീൻബ്രഷർ (31), ബ്രിട്ടിഷ്- ഇസ്രേലി യുവതി എമിലി ദമരി (28), റോമി ഗൊനെൻ (24) എന്നിവർക്കാണു മോചനം.