ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തത്. ട്രാഫിക് പോയിന്റുകൾ റദ്ദാക്കുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഇളവിൽ ഉൾപ്പെടുന്നു. ഉപയോക് സന്തോഷ കേന്ദ്രങ്ങളിലോ പൊലീസ് സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ചോ ഇളവുള്ള പിഴകൾ അടയ്ക്കാം.
53-ാം ഈദ് അൽ ഇത്തിഹാദിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് ഗ്രേസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്ക്കേണ്ടിവരുമെന്ന് നിയമലംഘകരെ പൊലീസ് ഓർമിപ്പിച്ചു. വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സമയപരിധിയാണ്.
അജ്മാൻ
ഈ വർഷം ഒക്ടോബർ 31ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് അജ്മാനിൽ 50% ഇളവ് പ്രഖ്യാപിച്ചത്. ഈ മാസം 15വരെ ഇളവോടെ പിഴയൊടുക്കാം.
റാസൽഖൈമ
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് റാസൽഖൈമയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. ഈ മാസം 31 വരെ ഇളവോടെ പിഴയൊടുക്കാം.
ഉമ്മുൽഖുവൈൻ
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഉമ്മുൽഖുവൈനിൽ 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി അഞ്ച് വരെ ഇളവോടെയുള്ള പിഴയൊടുക്കാം.
ഫുജൈറ
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഫുജൈറയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി 23 വരെ ഇളവോടെയുള്ള പിഴയൊടുക്കാം.