ഖത്തരി പൗരൻമാർക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാൻ വിസയുടെ ആവശ്യമില്ല. യുഎസിന്റെ വിസ വെയ‌്വർ പ്രോഗ്രാമിൽ ഉൾപ്പെടുത്തി വിസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി ഖത്തർ മാറിയതോടെയാണിത്. ഒരു യാത്രയിൽ പരമാവധി 90 ദിവസമാണ് അമേരിക്കയിൽ തങ്ങാൻ കഴിയുക. വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങൾക്ക് ഈസൗകര്യം പ്രയോജനപ്പെടുത്താം.
യുണൈറ്റഡ് സ്റ്റേറ്റ്സ് വിസ വെയ് വർ പ്രോഗ്രാമിൽ (വിഡബ്ല്യുപി) പ്രവേശിക്കുന്ന രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി ഇതോടെ ഖത്തർ മാറി. ബ്രൂണെയാണ് ഇതിനു മുമ്പ് ഈ പദ്ധതിയിൽ ഉൾപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യം. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്, ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതിന് ആവശ്യമായ കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിച്ചതിന് ഖത്തറിനെ അധികൃതർ അഭിനന്ദിച്ചു.
അമേരിക്കയുടെ അസാധാരണമായ പങ്കാളിയാണ് ഖത്തർ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ തന്ത്രപരമായ ബന്ധം കൂടുതൽ ശക്തമായി,’സ്റ്റേറ്റ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകൾ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ ശക്തമായ സുരക്ഷാ നടപടികളെയും മേഖലയിലെ സ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെയും അവർ പ്രശംസിച്ചു.
രാജ്യത്തിന്റെ തീവ്രവാദ വിരുദ്ധത, നിയമപാലനം, ഡോക്യുമെന്റ് സെക്യൂരിറ്റി, അതിർത്തി മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഖത്തറിൽ അമേരിക്കൻ സൈനിക താവളത്തിന് നൽകിയ അനുമതി, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തറിന്റെ നിർണായക പങ്ക്, അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുമ്പോൾ നൽകിയ സഹായം തടുങ്ങിയ കാര്യങ്ങളും ഇക്കാര്യത്തിൽ ഖത്തറിന് തുണയായത്.