സ്വദേശിവത്കരണം ശക്തമാക്കി യുഎഇ. രാജ്യത്ത് സ്വകാര്യമേഖലയില്‍ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതി നാഫിസിന്‍റെ വാർഷിക ലക്ഷ്യമായ 2 % പൂർത്തിയാക്കാൻ ഇനി ആകെ നാല ദിവസം മാത്രമാണ് ബാക്കിയുള്ളത്. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിയമം.
കമ്പനികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ അതായത് ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കാം. ഇത് പ്രകാരം, ഡിസംബർ 31നകം മുൻ വർഷങ്ങളിലെ നാല് ശതമാനവും ചേർത്ത് മൊത്തം ആറ് ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കണം. 2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10% ആക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ചെയ്യും. രണ്ട് വർഷത്തിനിടെ 1,400ലേറെ കമ്പനികൾക്ക് പിഴ ചുമത്തുകയും വ്യാജ റിക്രൂട്മെന്‍റ് നടത്തിയ 1,200 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8,000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 2025 മുതൽ മാസാന്ത പിഴ 9000 ദിർഹമാക്കി വർധിപ്പിക്കും