കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ഇസി (XEC) യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും അതിവേഗം പടരുന്നതായി റിപ്പോർട്ട്.
ജൂണിൽ ജർമ്മനിയിൽ കണ്ടെത്തിയ വകഭേദത്തിന്റെ 600ലേറെ കേസുകൾ യു.കെ, ഡെൻമാർക്ക്, യു.എസ്, ചൈന തുടങ്ങി 27ഓളം രാജ്യങ്ങളിലായി സ്ഥിരീകരിച്ചു. യു.എസിലാണ് ഏറ്റവും കൂടുതൽ കേസുകൾ (118). പനി, ചുമ, തൊണ്ടവേദന, ഗന്ധമില്ലായ്മ തുടങ്ങി കൊവിഡിന്റെ മുൻ വകഭേദങ്ങളുടെ ലക്ഷണങ്ങൾ തന്നെയാണ് എക്സ്ഇസിയ്ക്കും. എന്നാൽ സമീപകാല വകഭേദങ്ങളേക്കാൾ വ്യാപന ശേഷി ഇവയ്ക്ക് കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു. എക്സ്ഇസി കേസുകൾ ഗണ്യമായി ഉയരാമെന്നും ആഗോളതലത്തിൽ പ്രബലമായ കൊവിഡ് വകഭേദങ്ങളിൽ ഒന്നായി മാറിയേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വാക്സിനുകളിലൂടെ രോഗം ഗുരുതരമാകുന്നത് തടയാനാകും.