കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായൊരുക്കിയ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന ബിജെപി ആരോപണത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ രൂപത്തിൽ മാറ്റം വരുത്തി സംഘാടകർ. പാപ്പാഞ്ഞിയുടെ മുഖത്ത് നീളൻ താടിയാണ് പുതുതായി ചേർത്തിരിക്കുന്നത്. മുഖത്തിന്റെ പണി പൂർത്തിയാകുന്നതിന് മുമ്പാണ് പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായയുണ്ടെന്ന് ബിജെപി ആരോപിച്ചതെന്നാണ് സംഘാടകർ പറയുന്നത്. അതുകൊണ്ടു തന്നെ ഇനി മുഖത്തിന്റെ നിർമാണം പൂർത്തിയായതിന് ശേഷം മാത്രമേ പാപ്പാഞ്ഞിയുടെ ശരീരത്തിലേക്ക് ഇത് കൂട്ടിച്ചേർക്കുന്നുള്ളു എന്നതാണ് സംഘാടകരുടെ നിലപാട്.
ഇന്ന് ഉച്ചയോടെയാണ് പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായയാണെന്നും അതിനാൽ ഇത് കത്തിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ വാദം. പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയിലാണ് പാപ്പാഞ്ഞിയുടെ രൂപം മാറ്റാൻ ധാരണയായത്. വർഷാവർഷം നടത്തി വരുന്ന പാപ്പാഞ്ഞിയെ കത്തിക്കലിൽ കോവിഡ് ആണ് ഇത്തവണത്തെ പ്രമേയം. കോവിഡിനെ അതിജീവിച്ച പാപ്പാഞ്ഞിയാണ് ഈ കാർണിവലിന് അണിയറയിൽ ഒരുങ്ങുന്നത്.