കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച് ബജറ്റ് എയർലൈനായി എയർ അറേബ്യ. മറ്റ് എയർലൈനുകളിൽ നിന്ന് വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക് 10 കിലോ സൗജന്യ ഹാൻഡ് ബാഗേജ് അനുവദിക്കുന്നുണ്ട്. ഇത് കൂടാതെയാണ് കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് മൂന്നു കിലോയുടെ ചെറു ഹാൻഡ് ബാഗേജ് കൂടി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
യാത്രക്കിടയിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഇത് ഉപയോഗിക്കാമെന്ന് വെബ്സൈറ്റിലൂടെ കമ്പനി വ്യക്തമാക്കി. എയർ ഇന്ത്യ ഉൾപ്പെടെ മറ്റ് വിമാന കമ്പനികൾ 30 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുന്നത്. എന്നാൽ, എയർ അറേബ്യ മാത്രം 10 കിലോ ഹാൻഡ് ബാഗേജ് അനുവദിക്കുന്നുണ്ട്. ഇതിനൊപ്പമാണ് കുഞ്ഞുങ്ങളുളള യാത്രക്കാർ മൂന്നു കിലോ അധികമായി ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ക്യാബിൻ ബാഗേജിന്‍റെ മൊത്തം തൂക്കം 10 കിലോ ആണെങ്കിലും രണ്ട് പെട്ടികൾ ഉപയോഗിക്കാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ് 55സെ.മീx40 സെ.മീx20 സെ.മീ ആയിരിക്കണം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന്‍റെ അളവ് 25x33x20 സെ.മീ ആയിരിക്കണമെന്നും കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.