Sports

‘കുട്ടിക്രിക്കറ്റി’ലെ വലിയ നേട്ടത്തിന് 16 വയസ്

Published

on

ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായിട്ട് ഇന്ന് 16 വര്‍ഷം. മഹേന്ദ്ര സിംഗ് ധോണി നയിച്ച യുവനിര ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലോകചാമ്പ്യന്മാരായി. യുവരാജ് സിംഗിന്റെ ഒരോവറിലെ ആറ് സിക്‌സും മലയാളി താരം എസ് ശ്രീശാന്തിന്റെ അഗ്രസീവ് ബൗളിങ്ങും ഫൈനലിലേയ്ക്കുള്ള ഇന്ത്യന്‍ നേട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നു. കലാശപ്പോരില്‍ പാകിസ്താനുമായുള്ള മത്സരമായിരുന്നു ക്രിക്കറ്റ് ലോകം നെഞ്ചിടിപ്പോടെ കണ്ടിരുന്നത്.

പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ജേതാക്കളെ നിര്‍ണയിക്കുന്ന ദിവസം. പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും ഫൈനലിന് തയ്യാറെടുത്തു. ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് ഫൈനല്‍ വേദി. ഒരു കലാശപ്പോരിന്റെ എല്ലാ ആവേശവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു ആ മത്സരം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഗൗതം ഗംഭീറിന്റെ അര്‍ദ്ധ സെഞ്ചുറിയും രോഹിത് ശര്‍മ്മയുടെ പുറത്താകാതെയുള്ള 30 റണ്‍സും ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 157 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളയില്‍ വീണുകൊണ്ടേയിരുന്നു. 77 റണ്‍സിനിടെ പാകിസ്താന്റെ ആറ് വിക്കറ്റുകള്‍ വീണു. ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ച ജയത്തിന്റെ ആഘോഷം തുടങ്ങി. ആറാമനായി ക്രീസില്‍ തുടര്‍ന്ന മിസ്ബാഹ് ഉള്‍ ഹഖ് കഥ തിരുത്തി എഴുതാന്‍ ഉറപ്പിച്ച് ക്രീസില്‍ നിലയുറപ്പിച്ചു. 19 ഓവറില്‍ പാകിസ്താന്‍ ഒന്‍പത് വിക്കറ്റിന് 145 റണ്‍സിലെത്തി.

അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ശേഷിക്കുന്നത് ഒരേയൊരു വിക്കറ്റും. ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ജോഗിന്ദര്‍ ശര്‍മ്മയെ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ വൈഡ്. അടുത്ത പന്തില്‍ റണ്‍സില്ല. തൊട്ടടുത്ത പന്തില്‍ ജോഗിന്ദറിന്റെ ഫുള്‍ഡോസ് മിസ്ബാഹ് ഗ്രൗണ്ടിന് വെളിയിലെത്തിച്ചു. ഇതോടെ പാകിസ്താന് ജയിക്കാന്‍ നാല് പന്തില്‍ ആറ് റണ്‍സ്. അടുത്ത പന്തും ഓഫ്‌സൈഡില്‍ ഫുള്‍ടോസ്. സ്‌കൂപ്പിന് ശ്രമിച്ച മിസ്ബാഹിന് പിഴച്ചു. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ മലയാളി താരം ശ്രീശാന്തിന്റെ കൈകളിലേക്കായിരുന്നു മിസ്ബാ ആ പന്ത് ഉയര്‍ത്തിയടിച്ചത്. അഞ്ച് റണ്‍സ് ജയത്തോടെ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായി.

2007ലെ ഏകദിന ലോകകപ്പിലെ ദയനീയ പുറത്താകലിനെ തുടര്‍ന്ന് സച്ചിന്‍-ദ്രാവിഡ്-ഗാംഗുലി ത്രയങ്ങളില്ലാത്ത യുവനിരയെയായിരുന്നു ഇന്ത്യ പ്രഥമ ടി20 ലോകകപ്പിന് അയച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു തലമുറമാറ്റത്തിന് കൂടി വഴിതെളിക്കുന്നതായിരുന്നു ധോണിയുടെ നേതൃത്വത്തിലുള്ള യുവസംഘം നേടിയ ഈ ലോകകിരീടം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version