അർബുദ രോഗികൾക്ക് പ്രതീക്ഷാനിർഭരമായ വാക്കുകൾ സമ്മാനിക്കുന്ന പുസ്തകവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസ്. അർബുദമേ നീ എന്ത് എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചു.അർബുദരോഗികൾക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അർബുദരോഗത്തിൽ മോചനം നേടുക ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല. ഭയത്തെ അകറ്റിയാൽത്തന്നെ ഏറെ ആശ്വാസമാകും. ആശുപത്രിയിൽ കിടന്നായിരുന്നു പുസ്തകത്തിൻ്റെ രചന നിർവഹിച്ചത്. ആദ്യം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകൾ പിന്നീട് വിശദമായി എഴുതി പുസ്തകരൂപത്തിലാക്കുകയായിരുന്നു. ലിംഫോമ ബി ഹൈഗ്രേഡ് എന്ന അർബുദ രോഗത്തിൽ നിന്ന് മോചിതനായ അബ്ബാസിൻ്റെ കുറിപ്പുകൾ സമൂഹമാധ്യമത്തിൽ വന്ന സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഗത്തെക്കുറിച്ചും അതു ബാധിച്ച ശേഷം മുക്തി നേടുന്നതുവരെയുള്ള കാര്യങ്ങളാണ് ദുരിതങ്ങളുടെ രാജകിങ്കരനോടുള്ള ഒരു മാധ്യമപ്രവർത്തകൻ്റെ പോരാട്ടം എന്ന നിലയിൽ വിശദീകരിക്കുന്നത്. നാട്ടിൽ പുസ്തകം ലഭ്യമായിക്കഴിഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിലും പുസ്തകം വിൽപനയ്ക്കുണ്ടാകും. കോഴിക്കോട്ടെ ഹരിതം ബുക്സാണ് പ്രസാധകർ.