പശ്ചിമേഷ്യയിലാദ്യമായി കാന്‍സറിനെതിരെ പോരാടുന്നതിന് ജനിതകമാറ്റം വരുത്തിയ ടി സെല്ലുകള്‍ ഉപയോഗിക്കുന്ന കാന്‍സര്‍ ഇമ്മ്യൂണോതെറപ്പിയായ സി.എ.ആർ -ടി സെല്‍ തെറപ്പി രോഗിയില്‍ വിജയകരമായി പരീക്ഷിച്ച് അബൂദബി സ്റ്റെം സെല്‍സ് സെന്റര്‍ (എ.ഡി.എസ്.സി.സി).
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കുന്ന രോഗമായ ലുപസ് ബാധിച്ച രോഗിയിലാണ് സി.എ.ആര്-ടി സെല്‍ തെറപ്പി നടത്തിയത്. രോഗപ്രതിരോധ രോഗങ്ങള്‍ക്കെതിരായ ചികിത്സയിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ലുപസ് രോഗം മൂലം രോഗിയുടെ ത്വക്കിനും സന്ധികള്‍ക്കും ശ്വാസകോശത്തിനും ഹൃദയത്തിനും വൃക്കകള്‍ക്കും തകരാറുണ്ടാക്കുകയും എരിച്ചിലും വേദനയും അടക്കമുള്ള പ്രശ്നങ്ങളും അനുഭവപ്പെടുകയാണ് ചെയ്യുക. പതിനായിരം പേരില്‍ 43.7 ശതമാനം പേര്‍ക്ക് ആഗോളതലത്തില്‍ ലുപസ് രോഗമുണ്ടെന്നും പശ്ചിമേഷ്യയില്‍ ഇതു സാധാരണമായി മാറിയിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പത്തു വര്‍ഷത്തിലേറെയായി ഈ രോഗം നേരിടുന്ന അറുപതുകാരിയിലാണ് സി.എ.ആർ -ടി സെൽ തെറപ്പി നടത്തിയത്.