പുതിയ ഉറുസ് SE ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലംബോര്‍ഗിനി. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണ് ഈ പെര്‍ഫോമന്‍സ് എസ്‌യുവി. 4.57 കോടി രൂപ എക്സ്ഷോറൂം വിലയാണ് ഉറൂസ് SE ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറൂസ് പെര്‍ഫോര്‍മന്റെ, S വേരിയന്റുകള്‍ക്കൊപ്പമാണ് പുതിയ SE വേരിയന്റ് ചേരുന്നത്. പുതിയ പവര്‍ട്രെയിനിന് പുറമെ, ടെക്, ഫീച്ചര്‍ അപ്ഗ്രേഡുകള്‍ക്കൊപ്പം പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗും ഉറുസ് SE-ക്ക് ലഭിക്കുന്നു. എന്നിരുന്നാലും എസ്‌യുവിയുടെ അടിസ്ഥാന സിലൗറ്റ് ലംബോര്‍ഗിനി ഉറുസ് ലൈനപ്പിന് സമാനമാണ്.
പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആദ്യത്തെ എസ്‌യുവിയാണ് ഉറൂസ്. ലോകത്ത് ജനപ്രിയമായ ഈ ബോഡിടൈപ്പില്‍ ഒരു വാഹനം ഇറക്കാന്‍ കമ്പനി ആദ്യം മടിച്ചുവെങ്കിലും ഉറൂസ് അവര്‍ക്ക് ലോട്ടറിയായി. ഇന്ന് ഇന്ത്യയിലടക്കം ചൂടപ്പം പോലെയാണ് ഉറൂസ് വിറ്റുപോകുന്നത്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നായി ഉറൂസ് പേരെടുത്തു. പുത്തന്‍ ഉറൂസ് വേരിയന്റായ SE-യുടെ ഡിസൈന്‍ വശം നമുക്ക് ആദ്യം പരിശോധിക്കാം. പുതിയ ഉറൂസ് SE-ക്ക് നീളമുള്ള ബോണറ്റുണ്ട്.
മെലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ് യൂണിറ്റ് റാപ്പറൗണ്ട് ഡിആർഎല്ലുകളോട് കൂടിയ മട്രിക്സ് എൽഇഡി സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. ബോണറ്റിൽ പുതിയ ക്യാരക്ടർ ലൈനുകൾ എയറോഡൈനാമിക്സിലും കൂളിംഗ് കാര്യക്ഷമതയിലും മെച്ചപ്പെടുത്തലുകൾ വരുത്തിയതായി ലംബോർഗിനി അവകാശപ്പെടുന്നു. പുതുക്കിയ ഫ്രണ്ട് ബമ്പർ, ഗ്രിൽ, റിയർ ഡിഫ്യൂസർ എന്നിവ മോഡലിന് ഷാർപ്പർ ലുക്ക് നൽകുന്നു. കൂടാതെ ഒരു പുതിയ ടെയിൽ ലാമ്പ് ഗ്രില്ലും ഇതിന് ലഭിക്കുന്നു. പിറെല്ലി പി സീറോസ് ടയറിൽ പൊതിഞ്ഞ 21 ഇഞ്ച് വീലിലാണ് ഇത് ഓടുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ലംബോർഗിനി ഉറുസ് SE പെർഫോമൻസ് എസ്‌യുവിയുടെ അകത്തളത്തിലും സൂക്ഷ്‌മമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത എസി വെന്റുകൾ, പുതുക്കിയ മെറ്റീരിയലുകൾ, പുതിയ പാനൽ, ഡാഷ്ബോർഡ് കവറിംഗുകൾ എന്നിവയാണ് ഉറുസ് SE-യുടെ ക്യാബിനിലുണ്ട്. പുതിയ ലംബോർഗിനി റെവൽറ്റോയിൽ നിന്നുള്ള 12.3- ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഇതിന് കൂടുതൽ റെസ്പോണസീവ് UI, കൂടാതെ ഒരു സമർപ്പിത ടെലിമെട്രി സംവിധാനവും ഉണ്ട്.
പവർട്രെയിൻ വശം നോക്കുമ്പോൾ 620 bhp പവറും 800 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 4.0-ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഉറുസ് SE-ക്ക് കരുത്ത് പകരുന്നത്. 25.9kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്- ഇൻ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഘടിപ്പിക്കുന്നതിനായി എഞ്ചിൻ റീ-എഞ്ചിനിയർ ചെയ്‌തിട്ടുണ്ട്. 8- സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ വരുന്നത്. 800hp പവറും 950Nm ടോർക്കും ആണ് മൊത്തം പവർ ഔട്ട്പുട്ട്.
ഉറൂസ് SE-ക്ക് 60 കിലോമീറ്റർ റേഞ്ച് ഉണ്ട്. ഇവി മോഡിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ പോകാം. ഇലക്ട്രിക് മോഡിൽ പോലും ഫോർ വീൽ ഡ്രൈവ് ഉണ്ടെന്നതാണ് ഉറൂസ് SE-യുടെ പ്രത്യേകത. പെർഫോമൻസ് വശം നോക്കുമ്പോൾ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.4 സെക്കൻഡ് സമയം മതി. മണിക്കൂറിൽ 312 കിലോമീറ്ററാണ് ഉയർന്ന വേഗത.