ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, ആതിഥ്യമര്യാദ എന്നിവയാല്‍ സമ്പന്നവുമാണ് ഈ രാജ്യങ്ങള്‍.
എന്നാല്‍ ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അതത് രാജ്യങ്ങളിലെ വീസയെടുക്കണം. ഇതിന് പരിഹാരമായാണ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരൊറ്റ വീസയെന്ന ആശയം വരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഷെംഗന്‍ വീസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസയെന്നത് 2025ല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.