യുഎഇയിൽ ഒരു മണിക്കൂറിനുള്ളിൽ 3 ഹൃദയാഘാതം സംഭവിച്ച 33കാരൻഅത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ ജീവൻ മൂന്നുതവണ പുനരുജ്ജീവിപ്പിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലെ (ഡിഎസ്ഒ) ആസ്റ്റർ ക്ലിനിക്കിലെ മെഡിക്കൽ ടീമിൻ്റെ വേഗത്തിലുള്ളതും നിർണായകവുമായ പ്രവർത്തനങ്ങളിലൂടെയാണ് യുവാവിന് ജീവൻ തിരികെ ലഭിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രാരംഭ ഇസിജി, എക്കോകാർഡിയോഗ്രാം സ്ക്രീനിംഗ് എന്നിവയ്ക്ക് ശേഷം, ശസ്ത്രക്രിയയ്ക്കിടെ രോഗി പെട്ടെന്ന് തളർന്നു പോകുകയായിരുന്നു,ആദ്യത്തെ ഹൃദയാഘാതം ആ വേളയിൽ അടയാളപ്പെടുത്തി. ഉടൻ തന്നെ ക്ലിനിക്കിൻ്റെ എമർജൻസി റെസ്‌പോൺസ് ടീം (ഇആർടി)-ഡോക്ടർമാരും നഴ്‌സുമാരും ഓപ്പറേഷൻ സ്റ്റാഫും സിപിആർ നടത്തുകയും ഡിഫിബ്രിലേറ്റർ ഷോക്കുകൾ നൽകുകയും ചെയ്തു. സിപിആറിൻ്റെ മൂന്ന് സൈക്കിളുകൾക്കും രണ്ട് ഷോക്കുകൾക്കും ശേഷം, രോഗിയുടെ പൾസ് പുനഃസ്ഥാപിച്ചു.
എന്നാൽ തൊട്ടടുത്ത നിമിഷം, രോഗിയെ മറ്റൊരു ആശുപ്ത്രിയിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ മിനിറ്റുകൾക്കുള്ളിൽ രണ്ട് ഹൃദയസ്തംഭനം കൂടി അനുഭവപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളായി. ഓരോ തവണയും രോഗിയുടെ ഹൃദയം നിലച്ചപ്പോൾ, വൈദ്യസംഘം ദ്രുതഗതിയിൽ പുനർ-ഉത്തേജന ശ്രമങ്ങൾ നടത്തി, രണ്ടാമത്തെയും മൂന്നാമത്തെയും തവണ വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആത്മവിശ്വാസവും മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ സഹായകമായി.