ഐസിസി വനിതാ ടി20 ലോകകപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു. സെപ്റ്റംബർ 23 തിങ്കളാഴ്‌ച രാവിലെ 8:30 ന് എത്തുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ. വിശിഷ്ടാതിഥികൾ തുടങ്ങി 2.500-ലധികം ആളുകളാണ് സ്‌കൂൾ അങ്കണത്തിൽ ഒത്തു ചേരുക. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന നേത്യനിരയും ഇതിൽ സംബന്ധിക്കും. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ സ്‌കൂളിൻറെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഭയും പ്രകടമാക്കുന്ന സാംസ്‌കാരിക പ്രകടനങ്ങൾ അരങ്ങേറും. സ്‌കൂളിലെ പോലീസ് കേഡറ്റുകളും, ഗൈഡുകളും ഗാർഡ് ഓഫ് ഓണർ നൽകി ടീമിനെ പ്രവേശന കവാടത്തിൽ സ്വീകരിയ്ക്കുകയും, മാർച്ച് പാസ്റ്റിന്റെയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്റ്റേജിലേക്ക് നയിക്കുകയും ചെയ്യും.
ഐസിസി വനിതാ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകരുമായി ഇടപഴകുന്നതിനും, വനിതാ ക്രിക്കറ്റിനെ ആഘോഷിക്കുന്നതിനും, ഭാവി തലമുറയിലെ കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നതിനുമുള്ള ഐസിസിയുടെ സംരംഭത്തിന്റെ ഭാഗമാണ് ഐസിസി വനിതാ ടി20 ലോകകപ്പ് ട്രോഫി ടൂർ.
സെപ്‌തംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന സന്നാഹ മത്സരങ്ങൾക്ക് ശേഷം, ഒക്ടോബർ 3 ന് ഔദ്യോഗിക മത്സരങ്ങൾ ആരംഭിക്കും, ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും, തുടർന്ന് പാകിസ്ഥാനും ശ്രീലങ്കയും മത്സരത്തിലേർപ്പെടും. ആദ്യ റൌണ്ട് മത്സരങ്ങൾ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. 17, 18 തീയതികളിലാണ് സെമി ഫൈനൽ 2024 ഒക്ടോബർ 20 നാണ്.