ദുബായ് ∙ വ്യോമയാന മേഖലയിൽ ജോലി തേടുന്നവർക്ക് സന്തോഷം പകർന്ന് ദുബായുടെ സ്വന്തം ഫ്ലൈ ദുബായ് വിമാനക്കമ്പനി. ഇൗ വർഷം അവസാനത്തോടെ ഏഴ് വിമാനങ്ങൾക്കൂടി സ്വന്തമാക്കുമെന്നും 130-ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും ഫ്ലൈ ദുബായ് അറിയിച്ചു.
പുതിയ വിമാനം നെറ്റ്‌വർക്കിന്റെ വിപുലീകരണത്തെ കൂടുതൽ പിന്തുണയ്ക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഗെയ്ത്ത് അൽ ഗെയ്ത്ത് പറഞ്ഞു. 140 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വൈദഗ്ധ്യമുള്ള 5,800-ലേറെ പ്രഫഷനലുകളുമായാണ് നിലവിൽ ഫ്ലൈദുബായ് പ്രവർത്തിക്കുന്നത്. അവരിൽ 1,200-ലേറെ പേർ പൈലറ്റുമാരാണ്. കമ്പനിയിപ്പോൾ 130-ൽക്കൂടുതൽ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള പാതയിലാണ്. ഈ വർഷം അവസാനത്തോടെ അതു യാഥാർഥ്യമാകും.
ഈ വർഷം എയർലൈൻ 440-ലേറെ ജീവനക്കാരെ നിയമിച്ചതായി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6% വളർച്ചയാണിത്. കൂടുതൽ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും പ്രതിഭകളെയും ടീമിലേക്കു ചേർക്കുന്നതിനും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി ഒരു റിക്രൂട്ട്‌മെന്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.