എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ദുബായിലെ എല്ലാ വീടുകളിലും ഖുർആനിന്‍റെ പകർപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനും മതപരമായ അവബോധം വളർത്താനുമാണ് ‘എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ൻ തുടങ്ങിയതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. സംരംഭത്തിന്‍റെ ഭാഗമായി, ദുബായിലുടനീളം കൂടുതൽ വിശ്വാസികളെത്തുന്ന നിരവധി പള്ളികളിൽ ഖുറാൻ പകർപ്പുകൾ വിതരണം ചെയ്യും. ഏഴ് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്ന റമദാനിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കും.
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘മുഎസിൻ അൽ ഫ്രീജ്’ പദ്ധതിയുടെ രണ്ടാം സീസണിന് ഞായറാഴ്ച തുടക്കം കുറിച്ചു. യുവതലമുറകൾക്കിടയിൽ ദേശീയ സ്വത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. മസ്ജിദുകളുമായുള്ള കുട്ടികളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുക, സമൂഹത്തിൽ ഇടപഴകുക, അവരുടെ ആത്മീയ വളർച്ചയിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. മുഅ്സിൻ അൽ ഫ്രീജിന്‍റെ രണ്ടാം സീസണിൽ പങ്കെടുക്കുന്ന പള്ളികളുടെ എണ്ണം 50% വർദ്ധിപ്പിക്കും.
റമദാൻ മാസത്തിൽ 6-14 വയസ് പ്രായമുള്ള കുട്ടികളെ കേന്ദ്രീകരിച്ച് പള്ളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തറാവീഹ് ഉൾപ്പെടയുള്ള അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുക്കാൻ ശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യുവതലമുറയിൽ ദേശീയ വ്യക്തിത്വവും സാമൂഹിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ കുടുംബത്തിന്‍റെ പങ്ക് വർദ്ധിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിന് അനുസൃതമാണ് ഷെയ്ഖ് ഹംദാന്‍റെ നിർദ്ദേശങ്ങൾ. സാംസ്കാരികവും ദേശീയവുമായ അഭിമാനം, മാന്യമായ പെരുമാറ്റം, സമപ്രായക്കാർക്കിടയിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരമ്പരാഗത എമിറാത്തി വസ്ത്രത്തിൽ പള്ളികളിൽ പങ്കെടുക്കാൻ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസം, സ്വഭാവ രൂപീകരണം, സാമൂഹിക വികസനം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ മസ്ജിദുകളുടെ പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ സംരംഭം.