ഏറെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തിലേക്ക് ചുവടുവയ്ക്കുന്ന എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. പ്രധാനമായും ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകൾ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്.
നിലവിൽ വിമാനടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്ങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ്, വീസ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പാണ് അൽ ഹിന്ദ്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഉപയോക്തൃ അടിത്തറയുമുള്ളത് വിമാനക്കമ്പനി ആരംഭിക്കാനുള്ള കരുത്താണെന്ന് കമ്പനിയുടെ പ്രൊമോട്ടോറായ മൊഹമദ് ഹാരിസ് സിഎൻബിസി ടിവി18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹജ്ജ് തീർഥാടകരുടെ വലിയൊരു ഉപയോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.
20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ്. വരുമാനത്തിൽ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. വിമാനക്കമ്പനിക്ക് സുരക്ഷാ അനുമതി (സെക്യൂരിറ്റി ക്ലിയറൻസ്) ഉൾപ്പെടെ 95 ശതമാനം അനുമതിയും ലഭിച്ചുകഴിഞ്ഞു. അന്തിമാനുമതികൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്ര വ്യേമയാന മന്ത്രാലയത്തിൽ നിന്ന് പ്രവർത്തന അനുമതി
കൂടി ലഭിച്ചാൽ പ്രവർത്തനം തുടങ്ങാം. ഗൾഫിന് പുറമേ തായ്ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളും അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.