Gulf

എമിറേറ്റ്സ് 15,000 പേർക്ക് തൊഴിൽ നൽകും

Published

on

ഈ വർഷം 15000 പേർക്കു പുതിയതായി തൊഴിൽ നൽകുമെന്നു പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലും രാജ്യത്തിനു പുറത്തുള്ള മറ്റ് ഓഫിസുകളിലുമാണ് തൊഴിലവസരം. എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ആദിൽ അൽ രിദ അറിയിച്ചു.

എമിറേറ്റ്സ് സർവീസുകൾ പൂർണമായും മക്തൂം എയർ പോർട്ടിലേക്കു മാറ്റുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് മക്തൂം വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ടെർമിനലും ഓഫിസ് സമുച്ചയവും പണിയുന്നത്.

9.50 കോടി ഡോളറാണ് നിർമാണ ചെലവ്. വിവിധ ഘട്ടങ്ങളായാണ് നിർമാണം പൂർത്തിയാക്കുക. ആദ്യഘട്ടം പൂർത്തിയാകാൻ ഏകദേശം 4 വർഷമെടുക്കും. എല്ലാ സേവനങ്ങളും ഒരിടത്തു ലഭിക്കുന്ന ലോകത്തിലെ ഏക എയർലൈൻ കേന്ദ്രമായിരിക്കും അൽ മക്തൂമിലേതെന്നെന്നും ആദിൽ അൽ രിദ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായി. 1,12,406 ജീവനക്കാരാണ് എമിറേറ്റ്സിൽ ജോലി ചെയ്യുന്നത്. എയർലൈൻ ചരിത്രത്തിലെ ഏറ്റവും വലിയ മാനവിക വിഭവശേഷിയാണിത്. 18 രാജ്യങ്ങളിലെ 26 നഗരങ്ങളിൽ തൊഴിൽ നിയമനത്തിനായുള്ള ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ 4400 പൈലറ്റുമാരാണ് ജോലി ചെയ്യുന്നത്. ഈ വർഷം അവസാനിക്കുമ്പോഴേക്കും പുതിയതായി 5000 കാബിൻ ക്രൂവിന് കൂടി നിയമനം നൽകും. എൻജിനീയറിങ്, കാർഗോ വിഭാഗങ്ങളിൽ നിയമനങ്ങൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version