എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെൻ്റർ വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ യുഎഇയുടെ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയുo, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു.
പദ്ധതി പ്രകാരം പ്രദർശന സ്ഥലം 58,000 ചതുരശ്ര മീറ്ററിൽ നിന്ന് 180,000 ചതുരശ്ര മീറ്ററായി ഉയർത്തും. വാർഷിക പരിപാടികളുടെ എണ്ണവും 300ൽ നിന്ന് 600 ആയി ഉയരും.
വിപുലീകരണത്തിനുശേഷം 2031-ഓടെ മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്‌സിബിഷനും ഇവൻ്റ് ഡെസ്റ്റിനേഷനുമായി വേദി സജ്ജീകരിച്ചിരിക്കുന്നു. സ്ഥലത്തിൻ്റെ മൊത്തം ബിൽറ്റ്-അപ്പ് ഏരിയ 1 ദശലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതലായിരിക്കും. എക്‌സ്‌റ്റേണൽ എക്‌സിബിഷൻ പ്ലാസ 22,000 ചതുരശ്ര മീറ്ററും റീട്ടെയിൽ, എഫ് ആൻഡ് ബി സ്‌പേസ് 7,000 ചതുരശ്ര മീറ്ററും ഓഫീസുകളുടെ വിസ്തീർണ്ണം 8,000 ചതുരശ്ര മീറ്ററും ആയിരിക്കും. കേന്ദ്രത്തിൻ്റെ നീളം 1.2 കിലോമീറ്ററായിരിക്കും, കൂടാതെ പ്രതിദിനം 65,000 സന്ദർശക ശേഷിയുമുണ്ടാകും.
5,000-ത്തിലധികം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഒരു ബഹുനില പാർക്കിംഗിലൂടെ സന്ദർശകർക്ക് വേദിയിലേക്ക് നേരിട്ട് പ്രവേശനം നൽകും. 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 300 പ്രധാന ഹോട്ടലുകളും കേന്ദ്രത്തിലുണ്ടാകും.