Gulf

ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് യു എ ഇ; ജനങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധ മര്യാദകളുടെ ലംഘനം.

Published

on

ഗാസയിലെ അൽ തബിൻ സ്കൂളിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമാർശിച്ച് യുഎഇ. 12 പേരുടെ മരണത്തിനും നൂറു കണക്കിന് പേർക്ക് പരുക്കേൽക്കാനും കാരണമായ അക്രമണം അംഗീകരിക്കാനാവില്ല. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധ മര്യാദകളുടെ ലംഘനമാണ്. അടിയന്തരമായി ദുരിതാശ്വാസം എത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തകരുടെ വഴി തടയരുത്. കൂടുതൽ ജീവഹാനി ഉണ്ടാകുന്നത് തടയാൻ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം. രാജ്യാന്തര കരാറുകളും രാജ്യാന്തര നിയമങ്ങളും ലംഘിക്കപ്പെടരുത്. ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നിർത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലും യുഎഇ അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിനു നേരെയുണ്ടായ ആക്രമണത്തെ അറബ് ലീഗും അപലപിച്ചു. ഇസ്രയേലിന്റേത് ഭീരുത്വ നടപടിയാണെന്നും അവരുടെ പട്ടാളത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗെയ്ത് പറഞ്ഞു. തടവിലുള്ളവരെ മോചിപ്പിച്ചു കൊണ്ട് അടിയന്തര യുദ്ധവിരാമം യാഥാർഥ്യമാക്കണമെന്നും സെക്രട്ടറി ജനറൽ. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും യുഎഇ, ഖത്തർ, ഈജിപ്ത‌്, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്തമായി ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്ത അൽ സിസി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകണമെന്ന് ആവശ്യപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version