ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയുടെ (ഐഐടി) അബുദാബി ക്യാംപസ് യുഎഇക്കു സമർപ്പിച്ചു. പിജി കോഴ്സിനു പിന്നാലെ ബിരുദ കോഴ്സുകളും തുടങ്ങിയതോടെ ക്യാംപസ് പൂർണ പ്രവർത്തനം ആരംഭിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഐഐടി അബുദാബി ക്യാംപസ് ഉദ്ഘാടനം ചെയ്തു. ആദ്യ ബിടെക് ബാച്ചിനെ കിരീടാവകാശി സ്വാഗതം ചെയ്തു.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിലെ ബിടെക് കോഴ്സിന് 52 വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. ഐഐടി ക്യാംപസിൽ ബിരുദ കോഴ്സുകൾ കൂടി ആരംഭിച്ചതോടെ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ യുഎഇ ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. ഇന്ത്യ – യുഎഇ ഉഭയകക്ഷി ബന്ധം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരിയിലാണ് ഐഐടി ക്യാംപസ് എന്ന് ആശയത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുടക്കമിട്ടത്.
ജെഇഇ അഡ്വാനൻസ്ഡ്, കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) പൊതുപ്രവേശന പരീക്ഷകളിലൂടെയാണ് ഐഐടിയിലെ ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു നടത്തിയത്. ഇന്ത്യക്കും യുഎഇക്കും പുറമേ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 52 പേരിലുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കു വേണ്ടിയാണ് സിഎഇടി പരീക്ഷ നടത്തിയത്. ജനുവരിയിൽ തന്നെ എംടെക് ബാച്ച് ആരംഭിച്ചിരുന്നു. എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റയിനബിലിറ്റിയിലാണ് എംടെക് കോഴ്സ്.
ഉദ്ഘാടന യോഗത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി എന്നിവരും പങ്കെടുത്തു. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖലീഫ യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, സോർബോൺ യൂണിവേഴ്സിറ്റി എന്നിവരുമായി ഐഐടി പരസ്പര സഹകരണത്തിന്റെ ഭാഗമായി ധാരണാപത്രം ഒപ്പുവച്ചു. അബുദാബിയുടെ അക്കാദമിക, ഗവേഷണ, പരീക്ഷണ മേഖലയിൽ ഈ സഹകരണം കൂടുതൽ നേട്ടങ്ങൾക്കു വഴിയൊരുക്കും.