പാർക്കിങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇന്ത്യക്കാനെ സാരമായി പരുക്കേൽപ്പിച്ച പാക്കിസ്ഥാൻ പൗരന് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ 34 കാരനായ ഇന്ത്യക്കാരന് സ്ഥിര വൈകല്യമുണ്ടാക്കിയ 70 കാരനായ പാക് പൗരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാസത്തെ തടവും അതിന് ശേഷം നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസ സ്ഥലത്തെ പാർക്കിങ് മേഖലയെ ചൊല്ലിയുള്ള തർക്കമാണ് രൂക്ഷമായ കൈയാങ്കളിയിലെത്തിയത്. ന്ത്യക്കാരൻ ഉപയോഗിക്കാനിരുന്ന പാർക്കിങ് സ്ഥലം പാക്കിസ്ഥാൻ സ്വദേശി അവകാശപ്പെട്ടതോടെയാണ് അഭിപ്രായവ്യത്യാസവും പ്രശ്നങ്ങളും തുടങ്ങിയതെന്ന് കോടതി രേഖകൾ പറയുന്നു. തർക്കം മൂത്തതോടെ പാക്കിസ്ഥാനി ഇന്ത്യക്കാരനെ ബലമായി തള്ളിയിടുകയും നിലത്ത് വീണ ഇന്ത്യക്കാരന് സാരമായി പരിക്കേൽക്കുകയുമായിരുന്നു.
ഇന്ത്യൻ പൗരന്‍റെ ഇടത് കാലിൽ പൊട്ടലും പേശികൾക്ക് ക്ഷയവും സംഭവിച്ചതോടെ കാലിന്‍റെ 50 ശതമാനം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു. തർക്കത്തിൽ ഇന്ത്യൻ പൗരനും തിരിച്ച് ആക്രമിക്കുകയും പാക്കിസ്ഥാനിയുടെ തലയിൽ ഇടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ, ഇരുവരുടേയും മൊഴികൾ, സാക്ഷി മൊഴികൾ തുടങ്ങിയവ ഉൾപ്പടെ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.