ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായിലേക്ക് വരാം. വെറും 30 ദിവസം 30 മിനിറ്റ് മാറ്റിവെയ്ക്കാന്‍ താത്പര്യം ഉള്ളവരാണെങ്കിലും നിങ്ങള്‍ക്ക് ഈ ചലഞ്ച് ഗുണപ്രദമാകും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) എട്ടാം പതിപ്പിന് ശനിയാഴ്ച (ഒക്ടോബര്‍ 26) തുടക്കമാകും. ദുബായ് നഗരത്തിലുടനീളം വിപുലമായ കായിക പ്രവര്‍ത്തനങ്ങളാണ് 30 ദിവസം അരങ്ങേറുക. 2017 ലാണ് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡിഎഫ്‌സി ആരംഭിച്ചത്.
ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് ഈ സംരംഭം. ‘ആരോഗ്യകരവും ഊര്‍ജസ്വലവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന്’, ദുബായ് സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരീബ് പറഞ്ഞു. ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.dubaifitnesschallenge.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് തങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ടുപേരെ ദുബായിലേക്ക് കൊണ്ടുവരാന്‍ അവസരം ലഭിക്കുന്നതാണ്. ഫിറ്റ്നസ് വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും
ഫിറ്റ്‌നസ് ചലഞ്ച് എവിടെ പ്രവര്‍ത്തിക്കും?
നഗരത്തിലുടനീളമുള്ള മൂന്ന് ഫിറ്റ്നസ് വില്ലേജുകളിലും 25 കമ്യൂണിറ്റി ഹബ്ബുകളിലുമായി കായിക പ്രവര്‍ത്തനങ്ങളുണ്ടാകും
കൈറ്റ് ബീച്ച്, അല്‍ വര്‍ഖ പാര്‍ക്ക്, സബീല്‍ പാര്‍ക്ക് എന്നിവിടങ്ങളാണ് ഡിഎഫ്‌സിയുടെ ഭാഗമായ ഫിറ്റ്നസ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുക
ബ്ലൂ വാട്ടേഴ്സ്, സിറ്റി വാക്ക്, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ്, ദുബായ് ഡിജിറ്റല്‍ പാര്‍ക്ക്, ദുബായ് മീഡിയ സിറ്റി, എക്‌സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ 25 പ്രധാന സ്ഥലങ്ങളിലാണ് കമ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുക