അറ്റകുറ്റപ്പണികൾക്കായി ദുബായ അൽ മക്തൂം പാലം 22025 ജനുവരി 16 വരെ ഭാഗികമായി അടച്ചിടും. തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
പാലം ഭാഗികമായി അടയ്ക്കുന്നതിനാൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദൽ റോഡുകളെ ആശ്രയിക്കണമെന്നും അഭ്യർഥിച്ചു.
1962ൽ ഉദ്ഘാടനം ചെയ്ത അൽ മക്തൂം പാലം ദുബായ് ക്രീക്കിന് കുറുകെയുള്ള 5 പാലങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ്. പാലങ്ങളും റോഡുകളും സുരക്ഷിത ഗതാഗതത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പതിവ് അറ്റകുറ്റപ്പണികളെന്നും ആർടിഎ അറിയിച്ചു.
ഹൈഡ്രോളിക് പമ്പുകൾ ഘടിപ്പിച്ച അത്യാധുനിക ചലിക്കുന്ന പാലമാണ് അൽ മക്തൂം പാലം. ദുബായ് ക്രീക്കിലെ സമുദ്ര ഗതാഗതം സുഗമമാക്കുന്നതിന് അനുയോജ്യമായ രീതിയിൽ നിർമിച്ച പാലത്തിന് അടിയിലൂടെ വലിയ കപ്പലുകൾക്കും ബോട്ടുകൾക്കും കടന്നുപോകാം.