വാഷിങ്ടണിലെ കുട്ടികളുടെ നാഷണൽ ഹോസ്പിറ്റലിന് യു.എ.ഇ 3.5 കോടി ഡോളർ സംഭാവന നൽകി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 30 വർഷമായി വാഷിങ്ടണിലെ നാഷനൽ ചിൽഡ്രൻ ആശുപത്രിയുമായി യു.എ.ഇ സഹകരിക്കുന്നുണ്ട്. ഇക്കാലയളവിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി 82 യു.എസ് പാറ്റന്റുകളും മെഡിക്കൽ രംഗത്ത് വഴിത്തിരിവാകുന്ന എണ്ണമറ്റ കണ്ടുപിടിത്തങ്ങളും കൈവരിക്കാൻ ആശുപത്രിക്ക് കഴിഞ്ഞു. മെഡിക്കൽ രംഗത്ത് ആശുപത്രി തുടരുന്ന സ്ഥിരതയാർന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് 3.5 കോടി ഡോളർ കൂടി സംഭാവന നൽകാൻ യു.എ.ഇ തീരുമാനിച്ചത്.
പ്രവസത്തിന് മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ആശുപത്രി നടത്തുക. യു.എ.ഇയും ചിൽഡ്രൻ ഹോസ്പിറ്റലും തമ്മിലുള്ള ദീർഘകാല ജീവകാരുണ്യ പങ്കാളിത്തത്തിന്റെ ഏറ്റവും പുതിയ അധ്യായമാകും ഈ നിക്ഷേപം.
യു.എസ് സന്ദർശനത്തിനിടെ ശൈഖ് മുഹമ്മദ് ചിൽഡ്രൻ നോഷനൽ ഹോസ്പിറ്റൽ സന്ദർശിക്കുകയും ഇമാറാത്തികളായ രോഗികളുമായും അവരുടെ കുടുംബങ്ങളുമായും സംവദിക്കുകയും ചെയ്തിരുന്നു. ഓരോ വർഷവും നൂതന പീഡിയാട്രിക് പരിചരണത്തിനും ജീവൻ രക്ഷാ ചികിത്സകൾക്കുമായി ഇമാറാത്തികൾ പ്രധാനമായും ആശ്രയിക്കുന്നത് ചിൽഡ്രൻ ഹോസ്പിറ്റലിനെയാണ്.
ഓരോ വർഷവും 100ലധികം ഇമാറാത്തി കുടുംബങ്ങളാണ് ചികിത്സക്കായി ഇവിടേക്ക് യാത്ര ചെയ്യുന്നത്. ഹോസ്പിറ്റലിലെ സെന്റർ ഫോർ പ്രീനെറ്റൽ, നിയോനറ്റൽ, മാതൃ ആരോഗ്യ ഗവേഷണം, സിക്സർ ഫാമിലി പ്രീനറ്റൽ പീഡിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ സംരംഭങ്ങൾക്ക് പുതിയ നിക്ഷേപം കരുത്തു പകരും.