ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറിനാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്. അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു.
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കോൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അബ്ദുൽ മൻസൂർ പറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോകുന്നു. വർഷങ്ങളോളം പ്രതീക്ഷയോടെ എല്ലാ മാസവും ടിക്കറ്റ് വാങ്ങും, ഈ ഭാഗ്യം വന്നത് വിശ്വസിക്കാനാകുന്നില്ല. സമ്മാനത്തുക തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ചെലവഴിക്കുമെന്ന് സുബൂർ പറഞ്ഞു.