ഇന്ത്യൻ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള വഴികൾ ആരായാനും കൂടിക്കാഴ്ച വഴിയൊരുക്കി.
ഇന്ന് (തിങ്കളാഴ്ച) ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ മോദി ഷെയ്ഖ് ഖാലിദിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മോദിയുടെ ക്ഷണപ്രകാരം ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡൽഹിയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മോദിയും ഷെയ്ഖ് ഖാലിദും അവലോകനം ചെയ്തു. സഖ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചർച്ച. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടും സന്ദർശിക്കും.