വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ ചർച്ചയിലൂടെ തീർപ്പാക്കാൻ അബുദാബിയിൽ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോം തുടങ്ങി. എല്ലാ കേസുകളും കോടതിയിലേക്ക് എത്തിക്കാതെ മധ്യസ്ഥന്റെ മേൽനോട്ടത്തിൽ അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം.
ഇരുകക്ഷികളും കരാറിൽ എത്തിയാൽ അതു രേഖപ്പെടുത്തി നടപ്പാക്കും. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ആശയവിനിമയം സാധ്യമാകും. വേഗത്തിൽ ചർച്ച ചെയ്ത് നീതി ലഭ്യമാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കോടതിയിൽ കേസുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും.
റജിസ്റ്റർ ചെയ്യാൻ മീഡിയേഷൻ പ്ലാറ്റ്ഫോമിൽ ഉപഭോക്താവ് വെർച്വൽ നെഗോഷ്യേഷൻ സ്പെയ്സ് ഉണ്ടാക്കി റജിസ്റ്റർ ചെയ്യണം. തുടർന്ന് തർക്ക ഫയൽ അപ്ഡേറ്റ് ചെയ്താൽ മൊബൈൽ നമ്പറിൽ ചർച്ചയ്ക്കുള്ള തീയതി അറിയിക്കും. ഓൺലൈൻ ചർച്ചയ്ക്കുള്ള ലിങ്ക് ഇമെയിൽ വഴി ലഭിക്കും. പ്രസ്തുത ദിവസം ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പ്രവേശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഇരു കക്ഷികളുമായുള്ള ചർച്ചയ്ക്ക് മധ്യസ്ഥൻ മുഖേന തുടക്കമാകും.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിലൂടെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. മധ്യസ്ഥൻ മുഖേന ഒത്തുതീർപ്പിലെത്തിയാൽ ബന്ധപ്പെട്ട ജഡ്ജി രേഖകളും തീരുമാനവും പരിശോധിച്ച് അംഗീകാരം നൽകും. ഇവിടെ തീർപ്പാക്കാത്ത കേസുകൾ മാത്രമേ കോടതിയിലെത്തൂ.