കോഴിക്കോട്: ഒന്നര വർഷത്തിന് ശേഷം ബൂട്ടുകെട്ടാൻ ഒരുങ്ങി മലയാളി ഫുട്ബോൾ താരം അനസ് എടത്തൊടിക. ഐ ലീഗ് മുൻ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. 2021-22ൽ ഐഎസ്എൽ ക്ലബായ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയാണ് അനസ് ഒടുവിൽ കളിച്ചത്. എന്നാൽ നാല് മത്സരങ്ങളിൽ നിന്നായി 33 മിനിറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2019ൽ ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം വിരമിച്ചിരുന്നു.
കാണാൻ കൊതിച്ച തിരിച്ചുവരവെന്നാണ് ഗോകുലം എഫ്സി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. 2021-22ൽ ഐഎസ്എല്ലിൽ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാൽ അനസ് കളത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ സമയത്ത് കേരളാ പോലീസിൽ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലി വാഗ്ദാനം ചെയ്തുള്ള ഉദ്യോഗസ്ഥ വഞ്ചനയെന്ന് താരം ആരോപിച്ചിരുന്നു.
അനസിന്റെ സാന്നിധ്യം ക്ലബിന് മുതൽകൂട്ടാകുമെന്ന് അധികൃതർ പ്രതികരിച്ചു. ഇന്ത്യൻ ഫുട്ബോളിൽ അനസിന്റെ അനുഭവ സമ്പത്ത് ഏറെ വലുതാണ്. ഗോകുലം കേരളയിലെ പ്രതിരോധ ലൈനിലെ അനസിന്റെ സാന്നിധ്യം എതിരാളികൾക്ക് ഭീഷണിയാകുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.