“അഞ്ച് മാസത്തോളമായി മകനെ അന്വേഷിച്ചു നടന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിന്‍റെ പ്രതീക്ഷകളെല്ലാം വൃഥാവിലായി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ്(28) മരിച്ചതായി കഴിഞ്ഞ ദിവസം ഷാർജ പൊലീസ് സുരേഷിനെ അറിയിച്ചു. എന്നാൽ മൃതദേഹം മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അജ്ഞാത ജഡമെന്ന പേരിൽ പോലീസ് സംസ്കരിച്ചിരുന്നു. തുടർന്ന് സുരേഷിന്‍റെയും ജിത്തുവിന്‍റെയും ഡിഎൻഎ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിന്‍റെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിത്തുവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചതായി സുരേഷ് പറഞ്ഞു.