Business

സീ ടിവിയും സോണിയും തല്ലിപ്പിരിഞ്ഞു; മാറിനിന്ന അംബാനിക്ക് 16,500 കോടി ലാഭം കിട്ടുമോ?

Published

on

രാജ്യത്തെ ഏറ്റവും വലിയ വിനോദ, മാധ്യമ കമ്പനിയാകുമെന്ന് കരുതപ്പെട്ടിരുന്ന സോണി ഇന്ത്യ – സീ എന്റ‌ർടെയ്ൻമെന്റ് ലയനവും സംയുക്ത സംരംഭത്തിനുള്ള ശ്രമവും ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് മേഖലയൊന്നാകെ ഉറ്റുനോക്കുന്ന മറ്റൊരു വമ്പൻ ലയന നീക്കമായ വയാകോം18 – ഡിസ്നി സ്റ്റാറും തമ്മിലുള്ള കാരറിലേക്കാണ് ഏവരുടെയും ശ്രദ്ധ പതിയുന്നത്.

മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ വയാകോം18 – അമേരിക്കൻ മാധ്യമ ഭീമനായ ഡിസ്നി സ്റ്റാറിന്റെ ഇന്ത്യയിലെ ബിസിനസ് വിഭാഗവും തമ്മിൽ ലയനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഇതിനിടെ സീയും സോണിയും തമ്മിലുള്ള ലയനം മുടങ്ങിയതിന് പിന്നിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മീഡിയ അവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കങ്ങളുണ്ടായിരുന്നു. ഇക്കാര്യമാണ് റിലയൻസും സ്റ്റാറും തമ്മിലുള്ള ലയനത്തിലും ഇനി ശ്രദ്ധാകേന്ദ്രമാകാൻ പോകുന്നത്.

എന്താണ് പ്രശ്നം?

2024 – 2027 കാലയളവിൽ ഐസിസിയുടെ കീഴിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളു‌ടെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ സ്വന്തമാക്കിയിരുന്നു. റിലയൻസ് ഉൾപ്പെടെയുള്ള എതിരാളികളെ വലിയ മാർജിനുള്ള ലേലത്തുകയിൽ പിന്തള്ളിയാണ് ഡിസ്നി സ്റ്റാർ, ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ മീഡിയ അവകാശം നേടിയെടുത്തത്. ഇതിനിടെ 2022ൽ, ചില പ്രധാന ഐസിസി ടൂർണമെന്റ് മത്സരങ്ങളുടെ മീഡിയ അവകാശം ഡിസ്നി സ്റ്റാർ ഉപകരാരിലൂ‌ടെ സീ എന്റർ‌‌ടെയ്ൻമെന്റിന് കൈമാറിയിരുന്നു.

ഇന്ത്യയിൽ ഐസിസി മത്സരങ്ങളുടെ ടിവി സംപ്രേഷണത്തിനായി സീ ടിവിയിൽ നിന്നും 132 മുതൽ 144 കോടി ഡോളർ വരെ ഈടാക്കാനായിരുന്നു ഡിസ്നി സ്റ്റാറിന്റെ നീക്കം. എന്നാൽ സീ ടിവിയും സോണിയും തമ്മിലുള്ള ലയന നീക്കത്തിനിടെ, ഐസിസി ക്രിക്കറ്ര് മത്സരങ്ങളു‌ടെ മീഡിയ അവകാശത്തിന്റെ ബാധ്യത ഏറ്റെ‌ടുക്കാൻ കഴിയില്ലെന്ന് സീ ടിവി വ്യക്തമാക്കി. ഇക്കാര്യവും സീയും സോണിയും തമ്മിലുള്ള കരാർ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ച മുഖ്യ കാരണങ്ങളിലൊന്നായി മാറി.

റിലയൻസ് – ഡിസ്നി ലയനം

സോണി – സീ ടീവി ലയനം പൊളിഞ്ഞതിന്റെ സ്വാധീനം റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി സ്റ്റാറും തമ്മിലുള്ള സഹകരണ ചർച്ചകളിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. ഡിസ്നി സ്റ്റാറിന്റെ മൂല്യം രണ്ട് രീതിയിലാണ് റിലയൻസ് കണക്കുകൂട്ടിയിരിക്കുന്നത്. ഐസിസി മീഡിയ അവകാശ ബാധ്യത ഉൾപ്പെടുത്തിയും അല്ലാതെയും. ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ ഉപകരാരിൽ നിന്നും സീ ടിവി പിന്മാറിയതിനാൽ, ഡിസ്നി സ്റ്റാറിന്റെ ഇടപാട് മൂല്യത്തിൽ 200 കോടി ഡോളർ (ഏദേശം 16,500 കോടി രൂപ) കുറയ്ക്കാമെന്നാണ് മുകേഷ് അംബാനി കണക്കുകൂട്ടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്റ്റാറിന്റെ ഇന്ത്യയിലെ ബിസിനസ് റിലയൻസിന്റെ മാധ്യമ വിഭാഗത്തിൽ ലയിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 25,000 കോടി വരുമാനമുള്ള വമ്പൻ ബ്രോഡ്കാസ്റ്റിങ് കമ്പനി രൂപീകരിക്കുകയാണ് മുകേഷ് അംബാനിയുടെ ശ്രമം. ഇതിനിടെ സീ ടിവിയും സോണിയും തമ്മിൽ വേർപിരിഞ്ഞതോ‌ടെ ഡിസ്നി സ്റ്റാറുമായി ലയനത്തിന് ശ്രമിക്കുന്ന മുകേഷ് അംബാനിക്ക് കരാർ മൂല്യത്തിൽ ചെറുതല്ലാത്ത നേ‌‌ട്ടം കരസ്ഥമാക്കാൻ സഹായിക്കുമോ എന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version