Gulf

കാൽ നനയാതെ കടലിൻ്റെ ആഴം കാണാം; ദുബായിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് അൽ മംസറിൽ ഒരുങ്ങുന്നു

Published

on

ദുബായ്: വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പുതിയ ടൂറിസം വികസന പദ്ധതികളുമായി ദുബായ് ഭരണകൂടം. ഇതിന്റെ ഭാഗമായി അല്‍ മംസര്‍ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലില്‍ നിര്‍മിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. പദ്ധതിയുടെ ഭാഗമായി ദേരയില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന നൈറ്റ് ബീച്ചും ഒരുക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ ബീച്ച് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

അല്‍ മംസറിനു കുറുകെ 200 മീറ്റര്‍ നീളത്തില്‍ വെള്ളത്തിനു മുകളിലൂടെ നിര്‍മിക്കുന്ന കാല്‍നടപ്പാലം ദുബായിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളത്തില്‍ ഇറങ്ങാതെ തന്നെ കടലിന്റെ കൂടുതല്‍ ആഈഴമുള്ള ഭാഗം കാണാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് ഇതുവഴി സാധിക്കും. ദുബായിലെ നഗരാസൂത്രണ സമിതി ഏറ്റവും പ്രധാനപ്പെട്ട രണ്ട് ബീച്ചുകള്‍ വികസിപ്പിക്കാന്‍ നേരത്തെ കരാര്‍ നല്‍കിയിരുന്നു. അല്‍ മംസര്‍, ജുമൈറ-1 എന്നിവിടങ്ങളിലാണ് ബീച്ചുകളുടെ നവീകരണം നടക്കുന്നത്. ഈ ബീച്ചുകള്‍ വികസിപ്പിക്കുന്ന സമയത്ത് ഇവ ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം ബാക്കി ഇടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

പാലത്തിന് ഒന്നിലധികം തട്ടുകളും പ്ലാറ്റ്‌ഫോമുകളും

355 ദശലക്ഷം ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയില്‍ അല്‍ മംസാര്‍ ബീച്ചിന്റെ 4.3 കിലോമീറ്ററും ജുമൈറ-1ലെ 1.4 കിലോമീറ്ററും വികസിപ്പിക്കും. 18 മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളും ഡെക്കുകളും ഉണ്ടാകും. പ്രധാന പ്ലാറ്റ്‌ഫോമുകളെ ചെറിയ പാലങ്ങള്‍ വഴി കരയുമായും ഭക്ഷണ ശാലകളുമായും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. ആഗോളതലത്തില്‍ തീരദേശ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള വേലിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനായി ബീച്ചുകള്‍ ഉയര്‍ത്തുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി നടക്കും. അരലക്ഷത്തിലധികം ഘന മീറ്റര്‍ ബീച്ച് മണലാണ് ഇതിനായി ഉപയോഗിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ആദ്യ നൈറ്റ് ബീച്ച് ദേറയില്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം രാത്രി നീന്തലിനായി മൂന്ന് ബീച്ചുകള്‍ തുറന്നിരുന്നു.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍

പുതുതായി വികസിപ്പിക്കുന്ന രണ്ട് ബീച്ചുകളിലുമായി മൊത്തം 11 കിലോമീറ്റര്‍ സൈക്കിള്‍ റണ്ണിങ് ട്രാക്കുകളും ‘മരങ്ങളാല്‍ ചുറ്റപ്പെട്ട’ അഞ്ചു കിലോമീറ്റര്‍ നടപ്പാതയും ഉണ്ടാകും. ബാര്‍ബിക്യൂ, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ ഗെയിമുകള്‍ എന്നിവയ്ക്കായുള്ള പ്രദേശങ്ങള്‍ അവയില്‍ പലയിടങ്ങളിലായി ഉണ്ടാകും. ഇതിനു പുറമെ, ബീച്ച് റെസ്റ്റ് ഹൗസുകളും ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. ബീച്ചുകളില്‍ പച്ചപ്പ് നിലനിര്‍ത്തുന്ന ഓട്ടോമാറ്റിക് ജലസേചന സംവിധാനവും ഉണ്ടാകും. 1,400 കാറുകള്‍ നിര്‍ത്തിയുടന്നതിനുള്ള പാര്‍ക്കിംഗ് ഏരിയകള്‍, സേഫ്റ്റി ഡിപ്പോസിറ്റ് ബോക്‌സുകള്‍, വൈഫൈ, ഇലക്ട്രോണിക് സ്‌ക്രീനുകള്‍, ബീച്ച് റെസ്‌ക്യൂ സേവനങ്ങള്‍, ദുബായ് മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 100 സുരക്ഷാ കാമറകള്‍ എന്നിവയും രണ്ട് ബീച്ചുകളിലായി സജ്ജീകരിക്കും.

50 നിക്ഷേപ അവസരങ്ങള്‍

വാട്ടര്‍ ആക്റ്റിവിറ്റി ലീസിങ്, ഔട്ട്ലെറ്റുകള്‍, കൊമേഴ്സ്യല്‍ കിയോസ്‌ക്കുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കാനുള്ള സെല്‍ഫ് സര്‍വീസ് മെഷീനുകള്‍, പരസ്യ ഇടങ്ങള്‍, ബീച്ച് ഇരിപ്പിടങ്ങള്‍, കുടകള്‍ തുടങ്ങിയവകള്‍ ഇവിടെ ഒരുക്കുന്നതിനായുള്ള 50 നിക്ഷേപ അവസരങ്ങളും ബീച്ച് വികസന പദ്ധതിയുടെ ഭാഗമായി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിയുടെ തീരപ്രദേശം 400 ശതമാനം വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് പുതിയ ബീച്ച് വികസന പദ്ധതികള്‍. ഇതുവഴി താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും 105 കിലോമീറ്റര്‍ പൊതു ബീച്ചുകള്‍ ലഭ്യമാകും. നിലവില്‍ 21 കിലോമീറ്ററാണ് ദുബായ് ബീച്ചുകളുടെ ആകെ നീളം. ദുബായില്‍ എട്ട് പൊതു ബീച്ചുകളാണുള്ളത്. ഖോര്‍ അല്‍ മംസാര്‍, അല്‍ മംസാര്‍ കോര്‍ണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി. 2023ല്‍ ഈ ബീച്ചുകളില്‍ ചിലത് നവീകരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version