Gulf

വിസയില്ലാതെയും സൗദിയിലേക്ക് വരാം; ഉംറ യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി

Published

on

റിയാദ്: സൗദി വിഷന്‍ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുന്‍കൂര്‍ വിസയില്ലാതെയും ഉംറ നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാര്‍ക്ക് അനുമതി നല്‍കുന്നു. യൂറോപ്യന്‍ യൂണിയന്‍ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളില്‍ സ്ഥിരതാമസ രേഖ അഥവാ പെര്‍മനന്റ് റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം.

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഇനി ഉംറ നിര്‍വഹിക്കാന്‍ വിസയില്ലാതെ സൗദിയിലേക്ക് വരാം. സൗദിയില്‍ എത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസ ലഭിക്കും. വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്‌സ്) ഈ സൗകര്യം അനുവദിക്കും.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസ്‌ക് ആപ്പ് വഴി അവരുടെ തീര്‍ത്ഥാടനം എളുപ്പത്തില്‍ ഷെഡ്യൂള്‍ ചെയ്യാം. അല്ലെങ്കില്‍ സൗദിയില്‍ എത്തിച്ചേരുമ്പോള്‍ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓണ്‍അറൈവല്‍ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. ഉംറ നിര്‍വഹിക്കാനുള്ള ഓപ്ഷന്‍ ട്രാന്‍സിറ്റ് വിസയിലും ലഭ്യമാണ്. യാത്ര ഒരു സൗദി എയര്‍ലൈന്‍ വഴിയാണെങ്കില്‍ ഉംറ നിര്‍വഹിച്ച് മടങ്ങാം.

അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ഉംറ വിസകള്‍ അനുവദിക്കുന്നത് ഗണ്യമായി ഉയര്‍ത്തുകയെന്ന സൗദി വിഷന്‍ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഈ നടപടി. 2020ല്‍ 76 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചിരുന്നത് 2030 ലെത്തുമ്പോള്‍ 1.23 കോടിയായി ഉയരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ നല്‍കുന്ന സൂചന.

ഉംറ തീര്‍ത്ഥാടന വിസ നടപടിക്രങ്ങള്‍ ഏറ്റവും ലളിതമാക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്‌കരണങ്ങളാണ് സമീപവര്‍ഷങ്ങളില്‍ സൗദി നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ 96 മണിക്കൂര്‍ സ്‌റ്റോപ് ഓവര്‍ വിസ കഴിഞ്ഞ ഡിസംബറില്‍ സൗദി ആവിഷ്‌കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version