Gulf

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായില്‍ ഒരുങ്ങുന്നു; രൂപരേഖയ്ക്ക് അംഗീകാരം,ചെലവ് 2.9 ലക്ഷം കോടി രൂപ

Published

on

ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ലോകത്തിലെ ഏറ്റവും വലുത് മാത്രമല്ല, ഏറ്റവും മികച്ചതും അത്യാധുനിക സാങ്കേതികവിദ്യയുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നതുമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏകദേശം 35 ബില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ (അഥവാ 128 ബില്യണ്‍ ദിര്‍ഹം, അല്ലെങ്കില്‍ 2.9 ലക്ഷം കോടി രൂപ) ചെലവിലാണ് പുതിയ വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, ഏറ്റവും വലിയ തുറമുഖം തുറമുഖം, ഏറ്റവും വലിയ നഗരകേന്ദ്രം തുടങ്ങിയ സവിശേഷതകള്‍ ദുബായ്ക്ക് സ്വന്തമാവുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത എക്‌സ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവുംവലിയ വിമാനത്താവളമായി മാറുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. 70 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 400 എയര്‍ക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തരറണ്‍വേകളും പുതിയ വിമാനത്താവളത്തിന്റെ ഭാഗമായി ഒരുക്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇതിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുണ്ടാകും. വ്യോമയാന മേഖലയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് പുതിയ വിമാനത്താവളത്തില്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ മക്തൂം വിമാനത്താവളത്തിന്റെ നിര്‍മാണത്തോടെ ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ പുതിയ ഘട്ടം തുടങ്ങുകയാണ്.

തെക്കന്‍ ദുബായിയില്‍ പുതിയ വിമാനത്താവളത്തിന്റെ ഭാഗമായി വിശാലമായ എയര്‍പോര്‍ട്ട് സിറ്റിയും നിര്‍മിക്കും. ഇവിടെ 10 ലക്ഷം ആളുകള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലോജിസ്റ്റിക്സ്, എയര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലകളിലെ പ്രധാന കമ്പനികളുടെ കേന്ദ്രമായി ഇത് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദുബായ് ജബല്‍ അലി പ്രദേശത്താണ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം. അടുത്ത 10 വര്‍ഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version