Gulf

ലോകത്ത് ആദ്യമായി പറക്കുംകാറുകളുടെ റേസിങ് വരുന്നു; ആതിഥ്യമരുളാന്‍ യുഎഇ

Published

on

അബുദാബി: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ ഓട്ടമല്‍സരം യുഎഇയില്‍ വരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് കാറുകള്‍ പറക്കുക. മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാറുകളില്‍ ഡ്രൈവര്‍മാരുമുണ്ടാവും.

ആദ്യ ചാമ്പ്യന്‍ഷിപ്പ് യുഎഇയില്‍ 2025ല്‍ സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ കമ്പനി മാക ഫ്‌ലൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ പിനോ അറിയിച്ചു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പറക്കുംകാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്.

ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മുതല്‍ പത്ത് വരെ മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. സിംഗിള്‍ സീറ്റര്‍ ഫ്‌ളൈയിങ് റേസ് കാറുകളാണ് രംഗത്തിറങ്ങുക. 2024 ഏപ്രില്‍ 28ന് ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവര്‍രഹിത കാര്‍ റേസിങ് സംഘടിപ്പിക്കാന്‍ യുഎഇ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.

ലോകത്ത് ആദ്യമായി ഫ്‌ളൈയിങ് റേസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയെന്നത് മാക ഫ്‌ലൈറ്റിന്റെ ലക്ഷ്യമാണെന്ന് ക്രിസ്റ്റ്യന്‍ പിനോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് കമ്പനി ആദ്യത്തെ ഹൈഡ്രജന്‍ ഫ്‌ളൈയിങ് റേസിങ് കാര്‍ രംഗത്തിറക്കിയത്. കാറുകള്‍ക്ക് ഭൂമിയില്‍നിന്ന് 45 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും.

20 ലക്ഷം ഡോളറാണ് പറക്കും റേസ് കാറിന്റെ വില. അതിവേഗത്തില്‍ പായുന്ന ഇവ ഒട്ടുംതന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നവ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതിനാല്‍ ഭാവിയിലെ ഊര്‍ജകേന്ദ്രമായി കണക്കാക്കുന്നു.

യുഎഇയിലെ മല്‍സരവേദി തീരുമാനിച്ചിട്ടില്ല. ദുബായിലോ യുഎഇയിലെ മറ്റെവിടെയെങ്കിലുമോ ആകാം. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും പദ്ധതിയോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2025 അവസാനത്തോടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ മാക ഫ്‌ലൈറ്റ് റെഡ് ബുള്ളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും പിനോ കൂട്ടിച്ചേര്‍ത്തു.

2022 ഒക്ടോബറില്‍ ദുബായില്‍ ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ പറന്നുയര്‍ന്നിരുന്നു. ചൈനീസ് ടെക് സ്ഥാപനമായ XPENG AEROHT-ന്റെ രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് വിടിഒഎല്‍ (വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ്) X2 ഫ്‌ളൈയിങ് കാര്‍ ആണ് പരീക്ഷിച്ചത്. ദുബായ് മറീനയില്‍ നിന്ന് പുറപ്പെട്ട് ചരിത്രപരമായ 90 മിനിറ്റ് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി.

ഹ്രസ്വദൂര ഫ്‌ളൈറ്റുകളുടെയും നൂതന യാത്രാ സംവിധാനങ്ങളുടെയും ചരിത്രത്തിലെ പുതുയുഗത്തിന് നാന്ദികുറിക്കലായി ഇത് മാറുകയും ചെയ്തിരുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന പറക്കുംകാറായിരുന്നു ഇത്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെയാണ് എമിറേറ്റില്‍ പ്രത്യേക പരീക്ഷ സര്‍വീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version